Pages

Thursday, January 6, 2011

ജനങ്ങളബ്ദു --ചെറിയപ്പിള്ളിയുടെ ചരിത്രം-2

ചെറിയ്പ്പിള്ളിയിലെ പാടുകാരനാണ് അബ്ദു. “ജനങ്ങളബ്ദു“ എന്ന് പറഞ്ഞാലെ അറിയു. സ്വയം പരിചയപ്പെടുത്തുന്നതും ഇതെ പേരില്‍. പൈങ്ങാ കച്ചവടം നടത്തിയിരുന്നു.കച്ചവടം എന്നു പറഞ്ഞാല്‍ ഒരു ചാക്കും തോളില്‍ തൂക്കിയുള്ള ഒരു യാത്ര. ഇത് തൊഴിലായി സ്വീകരിച്ച മട്ടില്ല. അതും ചെയ്യൂ‍ന്നു എന്നു മാത്രം. ചിരിച്ചു കൊണ്ടല്ലാതെ സംസാരിക്കില്ല. ഇയാളെ ആര്‍ക്കും പരിഹസിക്കാം. അതിലും പുള്ളിക്കാരന്‍ ഒരു രസം കണ്ടെത്തും. കോലന്‍ മുടി. പഴുതാര മീശ. മുറിക്കയ്യന്‍ ഷര്‍ട്ട്. ഒറ്റ മുണ്ട്. മുടിയും ആളൂം പപ്പ്രച്ഛ. അലഞ്ഞു നടപ്പ്. സദാ സര്‍വത്ത്ര സര്‍വതിനോടും തൂമന്ദഹാസം. ജനങ്ങളെ ഒരു പാട്ടൂ പാടിയേ. പറയേണ്ട താമസം, ദാ പാടിക്കഴിഞ്ഞു. കോപ്പിറൈറ്റ് ഇല്ലാത്ത പാട്ട്. ആര്‍ക്കും പാടാം.
അള്ളോ യീ പട്ടിനെ വേഗം തല്ലിക്കൊല്ലന്നേ വാ എന്നു പറഞ്ഞപ്പ വാപ്പാനെ കടിച്ച് ഉ എന്നു പറഞ്ഞപ്പ ഉമ്മാനേം കടിച്ച് പള്ളീന്നെറങ്ങിയ മൊയല്യാരേം കടിച്ച് .....
അള്ളോയീ പട്ടിനെ.....

ഓണപ്പാട്ടുകള്‍ പാടുന്നതിലും മഹാ വിരുതനായിരുന്നു അബ്ദു. നിമിഷം കൊണ്ട് ഉണ്ടാക്കി പാടി മറ്റുള്ളവരെ അമ്പരപ്പിക്കാനും അബ്ദുവിനാകും. രാമായണത്തിലെ ഹനുമാന്‍ -രാവണ സംവാദം അബ്ദുവിന്റെ പാട്ടില്‍..... എന്താടാ രാവണാ നീ സീതനെ കക്കാന്‍ കാരണം നിന്നോടാരു പറഞ്ഞിട്ടാ തരവഴി കാട്ടി നടക്കണത്... ഇതിനു രാവണന്റെ മറുപടി, എന്നോടാരും പറഞ്ഞില്ല, എന്റെ മനസ്സി തോന്നീട്ടാ ......... അനവധി പാട്ടുകള്‍ ഇതു പോലെ ഉണ്ട്. എല്ലാം അബ്ദുവിനൊപ്പം മറഞ്ഞു പോയി. ലോറിയും ടെമ്പോയും വരുന്നതിനു മുമ്പ് വഞ്ചിയിലായിരുന്നു ചരക്കുകള്‍ വന്നിരുന്നത്. വഞ്ചിക്കാരെ പറ്റി ഒരു പാട്ട്. വഞ്ചിക്കാരന്‍ മീ‍രാന്‍ കാക്ക രണ്ടാം കെട്ടിനു കൂട് കെട്ടി കൊണ്ടോട്ടി ചെന്നൊരു പെണ്ണിനെ കണ്ട്.... പെണ്ണു കണ്ടാല്‍ അഴകുണ്ട്, വീടു കണ്ടാല്‍ അഴകുണ്ട്, അമ്മായിഅമ്മടെ മോറു കണ്ടാല്‍..... അങ്ങൊട്ടെങ്ങും അടുക്കൂലേ.......... ഈ പാട്ടു തന്നെ ലേശം മാറ്റിയും പാടാറുണ്ട്. അബ്ദു വണ്ടി വലിക്കുന്നവരെ കണ്ടാല്‍ വഞ്ചിക്കാരന്‍ മീരാന്‍ കാക്ക എന്നത് മാറ്റി വണ്ടിക്കാരന്‍ പൈലിച്ചേട്ട്ന്‍ എന്നാക്കും. ഹ ഇതെന്താ മാറ്റിപ്പാടണത് എന്ന് ചോദിച്ചപ്പോള്‍ അബ്ദു പറഞ്ഞു. പാട്ടു പാടണത് പാടണവനു വേണ്ടിയല്ല. കേള്‍ക്കണവണനു വേണ്ടിയാണ് പാട്ട്........ പെര്‍ഫോമന്‍സിന്റെ പ്രാധാന്യം പുള്ളിക്കാരന് അറിയാമായിരുന്നു. അയ്യപ്പപ്ണിക്കരുടെ കവിതയില്‍ പറയും പോലെ “കഥ കേള്‍പ്പോരുടെ കാതിന്‍ നീളം, കവിയുടെ നാവിനുമുണ്ടെന്നാകില്‍ മുഷിവറിയില്ല,,,,” ജനത്തിനെ രസിപ്പിക്കുന്നത് ജന്മാവകാശമാണെന്ന മട്ടില്‍ ആര്‍ക്കു മുന്നിലും പാട്ടായി പ്രത്യക്ഷപ്പെട്ട അബ്ദുവിന്റെ ജീവിതം, നിലത്ത് തൂവിപ്പോയ പാലു പോലെയായിരുന്നു. സ്വയം തീര്‍ത്തതും വന്നു ഭവിച്ചതുമായ കൊടുംതീമഴക്കാലം, നാടന്‍ പാട്ടിന്റെ കീറക്കുട ചൂടി മുറിച്ചു കടക്കാനാകില്ലല്ലോ..... തീരാ ദുരിതങ്ങള്‍ നിരന്തരം വേട്ടയാടുമ്പോഴും, നടക്കുന്ന വഴി മുഴുവന്‍ നാടന്‍ ശീലുകളാല്‍ നിറച്ച, വിരസവും ശുഷ്കവുമായ നാട്ടുജീവിതത്തെ പാടിപ്പൊലിപ്പിച്ച ജനങ്ങളബ്ദുവിനെ ആരെങ്കിലും ഓര്‍ക്കുന്നുണ്ടൊ ആവൊ........

No comments:

Post a Comment